ഓര്‍മ്മകളെ തട്ടി ഉണര്‍ത്തിയ ചിത്രമാണ് ഈ കുറിപ്പിന്നാധാരം (45 വർഷത്തോളം പഴക്കമുള്ളത്) ഫോട്ടൊയിൽ ഉള്ളവർ ആരെല്ലാമാണെന്നും, അതിനോടനുബന്ധിച്ച വിശദാംശങ്ങളും അറിയാൻ പലരും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്...
ഫോട്ടൊയിൽ ഉള്ള രണ്ട് വ്യക്തികളും ആരാണെന്ന് മനസ്സിലാക്കിയതിനാൽ അത് ആവർത്തിക്കുന്നില്ല. നമ്മുടെ നാട്ടിൽ അറുപതുകളിൽ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനമാണ് ഫ്രൻസ് അസോഡിയേഷൻ.
പിന്നീട് എഴുപതുകളിൽ മുഹമ്മദൻസ് സ്പോർട്ട്സ് ക്ലബ്ബ് രൂപീകൃതമായപ്പോൾ ഫ്രൻസ് അസോസിയേഷനെ ഇതിൽ ഉൾപ്പെടുത്തി സംഘടയുടെ പേര് എഫ്.എ & എം.എസ്.സി എന്നാക്കി മാറ്റി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
പാടത്തെ പീടികയിൽ പടിഞ്ഞാറെ വരിയിലെ കെട്ടിടത്തിനു മുകളിൽ ആദ്യത്തെ മുറിയിലായിരുന്നു ഓഫീസ്.പഞ്ചായത്ത് അനുവദിച്ച റേഡിയോ ആയിരുന്നു അക്കാലത്ത് പാടത്തെ പീടികയിലെ വി.ഐ.പി.കമ്പോള നിലവാരവും വയലും വീടും ഡൽഹിയിൽ നിന്നുള്ള വാർത്തകളും ചലച്ചിത്ര ഗാനങ്ങളുമൊക്കെ കേൾക്കാൻ ഒരുപാട് പേർ കാത്ത് നിൽക്കുമായിരുന്നു.ഗോപൻ എന്ന ഒരാളാണ് പ്രധാനമായും അന്ന് ഡൽഹിയിൽ നിന്നുള്ള വാർത്തകൾ വായിച്ചിരുന്നത്. ആരെയും ആകർഷിക്കുന്ന മാസ്മരികമായ ശബ്ദത്തിന്നുടമയായിരുന്നു ഗോപൻ.
പാടത്തെ പീടികയിൽ പോസ്റ്റാഫീസിന്റെ തെക്ക് ഭാഗത്തുള്ള ഫ്രൻസ് അസോസിയേഷന്റെ ഓഫീസിലാണ് റേഡിയോ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്.പിന്നീട് എഫ്.എ& എം.എസ്.സി യുടെ ഓഫീസിലേക്ക് അത് മാറ്റി.1974-75 കാലഘട്ടത്തിലാണ് ചേറ്റുവയിൽ നടന്ന സഹീദ മെമ്മോറിയൽ ഫുട്ബാൾ മത്സരത്തിന്റെ ഫൈനൽ ജയിച്ച് നമ്മുടെ നാട്ടിലേക്ക് ആദ്യമായി ഒരു കപ്പ് കൊണ്ടുവന്നത്.ആ വർഷത്തിൽ തന്നെയാണ് ക്ലബ്ബിന്റെ വാർഷികം നടത്തണമെന്നും നാടകം ഉൾപ്പെടുത്തണമെന്നും തീരുമാനിക്കപ്പെട്ടത്.
കലാപരമായി യാതൊരു പാരമ്പര്യവും ഇല്ലാതിരുന്നിട്ടും ഒരേ മനസ്സോടെ കൗമാരക്കാർ മുന്നിട്ടിറങ്ങി.നാടക സങ്കൽപ്പങ്ങൾക്ക് അങ്ങനെ ചിറക് മുളച്ചു. നാടക പുസ്തകങ്ങൾക്ക് വേണ്ടി പുവ്വത്തൂർ സ്വതന്ത്ര കലാ പരിഷത്ത്, കാക്കശ്ശേരി ഗ്രാമീണ വായനശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തി.അതിനിടയിൽ, ഇന്ന് അവയെല്ലാം ഓർത്തു പോകുമ്പോൾ അത്ഭുതവും അതിശയവും തോന്നുന്ന ഒരു കാര്യമുണ്ട്.ആരോ പറഞ്ഞു. നാടകം എഴുതുന്ന ഒരാൾ തൃശൂരിൽ ഉണ്ട്. അയാളെ പോയി കണ്ടാൽ നാടകപുസ്തകം കിട്ടും എന്ന്.പിറ്റേന്ന്ഞങ്ങൾ തൃശൂരിലേക്ക് യാത്രയായി.
നാടക രചയിതാവായ സി.എൽ.ജോസിനെ അന്ന് നേരിട്ട് കാണുകയായിരുന്നു. എം.ജി.റോഡിൽ പഴയ കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചിരുന്ന മംഗളോദയം കുറിക്കമ്പനിയിലെ മാനേജർ ആയിരുന്നു അദ്ദേഹം.ആ കാലഘട്ടത്തിൽ അദ്ദേഹം എഴുതിയ സമുദായം, തറവാട് പോലുള്ള നാടകങ്ങൾ വളരെ പ്രസിദ്ധമായിരുന്നു. നാടകത്തെ കുറിച്ച് ഒന്നും അറിയാത്ത ശിശുക്കളായ ഞങ്ങൾക്ക് കുറഞ്ഞ സമയം കൊണ്ട് കുറേ കാര്യങ്ങൾ ഒരു അദ്ധ്യാപകൻ എന്ന പോലെ അദ്ദേഹം പറഞ്ഞു തന്നു.അങ്ങനെയെല്ലാമായിരുന്നിട്ടും ഞങ്ങൾ ഒടുവിൽ ചെന്നെത്തിയത് മരട് രഘുനാഥിന്റെ നാടകത്തിലേക്കായിരുന്നു. ആ നാടകം തീരുമാനിക്കപ്പെട്ടു. നാടകത്തിന്റെ യഥാർത്ഥ പേര് ഇപ്പോൾ ഓർമ്മയില്ല. കേൾക്കാൻ അത്രക്ക് ഇഷ്ടം തോന്നാതിരുന്നതിനാൽ ആ നാടകത്തിന്റെ പേര് ഞങ്ങൾ തരംഗങ്ങൾ എന്നാക്കി മാറ്റി.
അടുത്ത ദിവസം തന്നെ കഥാപാത്രങ്ങളായി അഭിനയിക്കേണ്ടവർ ആരെല്ലാം എന്ന് തീരുമാനിക്കപ്പെട്ടു.വെൻമേനാട് സ്‌കൂളില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എ.വി.എം.ഉണ്ണി, യായിരുന്നു നായകൻ. തുടർന്നുള്ളവർ. ഉസ്‌മാന്‍ മഞ്ഞിയിൽ,റഹ്‌മാന്‍,പി.എം.ഷംസുദ്ദീൻ, വി.കെ.അബ്‌ദു റഹ്‌മാൻ,കുമാരൻ, ഖദീജ ടീച്ചറുടെ ഭർത്താവ് അബ്ദുറഹ്‌മാന്‍ മാഷ്, പുവ്വത്തൂർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ജെയ്ക്കബ്ബ് മാഷ്,അബ്‌ദുല്ലമോന്‍ പാലായി,നാടക നടി വിജയ തൃശൂര്‍ ആയിരുന്നു നായിക.തൃശൂര്‍ ആന്റോ ആയിരുന്നു സംവിധായകന്‍.
ഞങ്ങളെ സഹായിക്കാൻ എന്തിനും സന്നദ്ധരായി അബൂ ഹനീഫ, ഖമറുദ്ധീൻ പുതിയ പുരയിൽ, എന്റെ അനുജൻ ഷംസുദ്ദീൻ, പുത്തൻ പുരയിൽ അസീസ് തുടങ്ങിയവരെല്ലാം ഒപ്പമുണ്ടായിരുന്നു.
ഞങ്ങളെ സഹായിക്കാൻ എന്തിനും സന്നദ്ധരായി അബൂ ഹനീഫ, ഖമറുദ്ധീൻ പുതിയ പുരയിൽ, എന്റെ അനുജൻ ഷംസുദ്ദീൻ, പുത്തൻ പുരയിൽ അസീസ് തുടങ്ങിയവരെല്ലാം ഒപ്പമുണ്ടായിരുന്നു.
സ്‌കൂള്‍ യുവജനോത്സവത്തിൽ ചെറിയ നാടകങ്ങളിൽ അഭിനയിച്ചതിന്റെ പാഠങ്ങൾ ഉൾകൊണ്ടു കൊണ്ട്, നമ്മുടെ സ്കൂളിൽ നാടകത്തിന്റെ റിഹേഴ്സൽ ആരംഭിച്ചു.വൈകീട്ട് ഏഴ് മണിക്ക് മുമ്പായി എല്ലാവരും സ്കൂളിൽ എത്തും.
ഒന്നാം രംഗം മുതൽ അഭിനയിച്ചു തുടങ്ങും. അഭിനേതാക്കൾക്ക് ഡയലോഗ് വായിച്ചു കൊടുക്കാൻ തന്നെ മത്സരമായിരുന്നു.
നാടക പരിശീലനം കേട്ടറിഞ്ഞ് രാത്രിയിൽ റിഹേഴ്സൽ കാണാൻ പരിസരത്തെ വീടു ളിൽ നിന്ന് സ്ത്രീകളും കുട്ടികളും വരാൻ തുടങ്ങി. റിഹേഴ്സൽ പുരോഗമിക്കും തോറും കാണികളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. കിഴക്കെ കരയിൽ നിന്നും ആളുകൾ എത്തി തുടങ്ങി. അഭിനേതാക്കൾക്ക് ആദ്യം സഭാകമ്പം അനുഭവപ്പെട്ടെങ്കിലും കാണികളുടെ പ്രോത്സാഹനം ആവേശം പകർന്നു.സ്ഥിരമായി റിഹേഴ്സൽ കാണാൻ വന്നിരുന്നവരിൽ പലരും ഡയലോഗുകൾ കേട്ട് പഠിക്കുകയും അഭിനേതാക്കൾ ഡയലോഗ് തെറ്റിക്കുമ്പോൾ അവർ അത് തെറ്റാതെ പറയുകയും ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു.
നാടകം കുറേകൂടി കുറ്റമറ്റതാക്കുന്നതിന് വേണ്ടി തൃശൂരിൽ നിന്നും ജോസഫ് ചേറ്റുപുഴ എന്ന സംവിധായകനെ കൊണ്ടുവന്നു.അദ്ദേഹത്തിന്റെ നിർദ്ദേശത്തിനനുസരിച്ചായി പിന്നീട് കാര്യങ്ങൾ.
ചുരുക്കി പറയാം.നാടകത്തിന് പാട്ടെഴുതിയത് അസീസ് മഞ്ഞിയിൽ.സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ വേലായുധൻ വേപ്പുള്ളി.സ്‌കൂള്‍ മുറ്റത്ത് തെക്ക് പടിഞ്ഞാറ് അറ്റത്തായിരുന്നു സാമാന്യം വലിയ സ്റ്റേജ്.
തെളിഞ്ഞ അന്തരീക്ഷത്തിൽ വൈകീട്ട് 6 മണിക്ക് ശേഷം ഉദ്ഘാടന സമ്മേളനം. അത് കഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികൾ., ഏകാങ്ക നാടകം, മോണോ ആക്‌ട് ഒമ്പത് മണിക്ക് നാടകത്തിന്റെ ഫസ്റ്റ് ബെൽ മുഴങ്ങി.
സ്റ്റേജിന് മുന്നിലും സ്‌കൂള്‍ വരാന്തയിലും റോഡിലും അബൂ ഹനീഫാടെ വീട്ടുമുറ്റത്തും കുളത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുമായി ജനപ്രളയം.
നാടകത്തിന്റെ മൂന്ന് രംഗങ്ങൾ പിന്നിട്ടു.ആകാശത്ത് ചെറിയ മിന്നൽ, ചെറിയ ഇടിമുഴക്കം, തണുത്ത കാറ്റ് ...ആരും പ്രതീക്ഷിക്കാത്ത നേരത്ത് - മഴക്കാലം അല്ലാതിരുന്നിട്ടും ശക്തമായ മഴ...എന്നിട്ടും, രംഗത്ത് നാടകം തുടന്നു.
മഴനനഞ്ഞ് കാണികളിൽ പലരും സ്റ്റേജിന് മുന്നിൽ നിന്നും എഴുന്നേറ്റ് പോയില്ല.മഴ ഒരു ദയയും കാണിച്ചില്ല. തകർത്ത് പെയ്തു. അഭിനേതാക്കളുടെ മേക്കപ്പ് മഴയിൽ കുതിർന്നു.....നനഞ്ഞൊലിച്ച സ്റ്റേജിൽ ആന്റോ പാലയൂരിന്റെ നീല കർട്ടൻ വീണു...നായികയെ (തൃശൂർ വത്സല ) എന്റെ സഹോദരിമാർ , സ്റ്റേജിന് പിന്നിലുള്ള എന്റെ വീട്ടിലേക്ക് കൊണ്ടുപോയി...
ആ സ്റ്റേജ് അവിടെ തന്നെ നില കൊണ്ടു.കൃത്യം ഒരാഴ്ച്ച തികയുന്ന അന്ന് വീണ്ടും അതേ നാടകം, അതേ സ്റ്റേജിൽ പൂർവ്വാധികം ഉന്മേഷത്തോടെ അരങ്ങേറി..എന്റെ തലമുറ അഭിമാനത്തോടെ ഓർക്കുന്നു, നമ്മുടെ നാടിന്റെ ചരിത്രപരമായ ഒരധ്യായം.
റഹ്‌മാന്‍ തിരുനെല്ലൂര്‍
.................
നാടകം തിരുമാനിക്കപ്പെട്ട ശേഷം ഒരു റിഹേഴ്‌സല്‍ വേളയില്‍ വേലായുധന്‍ വേപ്പുള്ളിയും എ.വി.എം ഉണ്ണിയും ഗാന രംഗത്തെ കുറിച്ച് എന്നോട് വിശദീകരിച്ചു.ഒരു നര്‍ത്തകിയുടെ കഥയായതു കൊണ്ട്.ശാസ്‌ത്രീയ സംഗീതത്തോട് കൂടിയ ഗാനമായിരിക്കണം എന്നായിരുന്നു വിശദീകരണത്തിന്റെ സംക്ഷിപ്‌തം.സംഗീതമിട്ടതിനു ശേഷമായിരിക്കണം ഗാന രചന എന്നു ചുരുക്കം.പറഞ്ഞു വെച്ചതനുസരിച്ച് പുവ്വത്തൂരിലെ കൈരളിയില്‍ ചെന്നു.ഞാന്‍ ചെല്ലുമ്പോള്‍ അവരെല്ലാവരും തട്ടിയും മുട്ടിയും പാട്ടും താളവും ഒക്കെയായി നല്ല സംഗീത മൂഡിലും ആയിരുന്നു.
മലയാള സിനിമയിലെ പിന്നീട് പ്രസിദ്ധനായ സിതാരയാണ് ആദ്യ പല്ലവി ഒരുവിട്ടു തന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ട് ആദ്യ പാദം എഴുതിക്കൊടുക്കാന്‍ കഴിഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.
പാതിരാവില്‍ എന്നിലുണര്‍ത്തിയ
പകല്‍ കിനവിലെ നായികേ....
പാദസരത്തിന്‍ സ്വരം കേട്ടുണര്‍ന്നു
പാട്ടു പാടീ ഞാനലഞ്ഞൂ
...
പ്രഭാതം വിടരാന്‍ പ്രദോഷം മരിയ്‌ക്കും
പ്രദോഷം ജനിക്കാന്‍
പ്രഭാതം മരിയ്‌ക്കും
പ്രപഞ്ചമേ....
പ്രപഞ്ചമേ....
പ്രഭാതമോ
പ്രദോഷമോ
നിനക്കലങ്കാരം
...
ഇങ്ങനെയുള്ള രണ്ട് ഗാനങ്ങളായിരുന്നു ചിട്ടപ്പെടുത്തപ്പെട്ടത്.ഈ ഗാനങ്ങളും മറ്റൊരു ഭക്തി ഗാനവും കൂടെ ചേര്‍ത്ത് യുവവാണിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു.
കരുണാ സാഗരമേ കനിയേണമേ..എന്നു തുടങ്ങുന്നതായിരുന്നു ഭക്തി ഗാനം.ഈവരികള്‍ വേലായുധന്‍ വേപ്പുള്ളിക്കും സിതാരക്കും ഏറെ പ്രിയപ്പെട്ട വരികളായിരുന്നു.
മഞ്ഞിയില്‍
.................
നാടകം തിരുമാനിക്കപ്പെട്ട ശേഷം ഒരു റിഹേഴ്‌സല്‍ വേളയില്‍ വേലായുധന്‍ വേപ്പുള്ളിയും എ.വി.എം ഉണ്ണിയും ഗാന രംഗത്തെ കുറിച്ച് എന്നോട് വിശദീകരിച്ചു.ഒരു നര്‍ത്തകിയുടെ കഥയായതു കൊണ്ട്.ശാസ്‌ത്രീയ സംഗീതത്തോട് കൂടിയ ഗാനമായിരിക്കണം എന്നായിരുന്നു വിശദീകരണത്തിന്റെ സംക്ഷിപ്‌തം.സംഗീതമിട്ടതിനു ശേഷമായിരിക്കണം ഗാന രചന എന്നു ചുരുക്കം.പറഞ്ഞു വെച്ചതനുസരിച്ച് പുവ്വത്തൂരിലെ കൈരളിയില്‍ ചെന്നു.ഞാന്‍ ചെല്ലുമ്പോള്‍ അവരെല്ലാവരും തട്ടിയും മുട്ടിയും പാട്ടും താളവും ഒക്കെയായി നല്ല സംഗീത മൂഡിലും ആയിരുന്നു.
മലയാള സിനിമയിലെ പിന്നീട് പ്രസിദ്ധനായ സിതാരയാണ് ആദ്യ പല്ലവി ഒരുവിട്ടു തന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ട് ആദ്യ പാദം എഴുതിക്കൊടുക്കാന്‍ കഴിഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.
പാതിരാവില്‍ എന്നിലുണര്‍ത്തിയ
പകല്‍ കിനവിലെ നായികേ....
പാദസരത്തിന്‍ സ്വരം കേട്ടുണര്‍ന്നു
പാട്ടു പാടീ ഞാനലഞ്ഞൂ
...
പ്രഭാതം വിടരാന്‍ പ്രദോഷം മരിയ്‌ക്കും
പ്രദോഷം ജനിക്കാന്‍
പ്രഭാതം മരിയ്‌ക്കും
പ്രപഞ്ചമേ....
പ്രപഞ്ചമേ....
പ്രഭാതമോ
പ്രദോഷമോ
നിനക്കലങ്കാരം
...
ഇങ്ങനെയുള്ള രണ്ട് ഗാനങ്ങളായിരുന്നു ചിട്ടപ്പെടുത്തപ്പെട്ടത്.ഈ ഗാനങ്ങളും മറ്റൊരു ഭക്തി ഗാനവും കൂടെ ചേര്‍ത്ത് യുവവാണിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു.
കരുണാ സാഗരമേ കനിയേണമേ..എന്നു തുടങ്ങുന്നതായിരുന്നു ഭക്തി ഗാനം.ഈവരികള്‍ വേലായുധന്‍ വേപ്പുള്ളിക്കും സിതാരക്കും ഏറെ പ്രിയപ്പെട്ട വരികളായിരുന്നു.
മഞ്ഞിയില്‍